വലിയൊരു ദുരന്തത്തിൽ നിന്നും ആ കുടുംബത്തെ രക്ഷിച്ചത് ആ വളർത്തുപൂച്ച; വീടിനു മേൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

നർക്കിലക്കാട് (കാസർകോട്) ∙ പുലർച്ചെ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ ദാരുണാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ലോറിയിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളാണ് മരിച്ചത്. അതേസമയം, വീട്ടുകാരുടെ ജീവൻ രക്ഷിച്ചത് തക്കസമയത്തുണർന്ന വളർത്തുപൂച്ചയുടെ ഇടപെടലാണെന്നത് അത്ഭുതമായി.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ വരക്കാട് വെസ്റ്റ് എളേരി സഹകരണ ബാങ്കിനു സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ചീർക്കയം ഭാഗത്തുനിന്ന് കുഴൽക്കിണർ നിർമാണത്തിനുശേഷം ചെറുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് പതിച്ചത്. ഭീമനടി – ചിറ്റാരിക്കാൽ റോഡിലേക്ക് തിരിയേണ്ടിയിരുന്ന വാഹനം, ഇറക്കം ഇറങ്ങിവന്ന് യാതൊരു നിയന്ത്രണവുമില്ലാതെ നേരെ വീടിനു മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര (29), ഛത്തീസ്ഗഡ് സ്വദേശി മനാസർ (25) എന്നിവർ സംഭവസ്ഥലത്തുതന്നെ ജീവൻ വെടിഞ്ഞു.
ലോറി വീടിനു മുകളിലേക്ക് വീഴുന്നതിന്റെ തൊട്ടുമുമ്പ് വളർത്തുപൂച്ച അസാധാരണമായി കരയുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ ഞെട്ടി ഉണർന്നത്. ഉടൻതന്നെ വീട്ടുകാർ ഉണർന്നുമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗൃഹനാഥൻ ജയ്സന്റെയും ഭാര്യയുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Source link



