KAUMUDI

മരണശേഷവും വെളിച്ചമായി വിജിമോൾ; മുൻ അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയാകും

വിജിമോൾ

തൊടുപുഴ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിരമിച്ച അദ്ധ്യാപിക അന്തരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയും, കേരളകൗമുദിയുടെ മുൻ ഫോട്ടോഗ്രാഫർ ആർ. വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയുമായ കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടിൽ എം.എൻ. വിജിമോളാണ് (57) മരണപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് 6.45-ഓടെ തൊടുപുഴ – മൂവാറ്റുപുഴ പാതയിൽ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപമായിരുന്നു ദാരുണമായ സംഭവം. ഏകമകൻ അനുരൂപിനൊപ്പം പിറവത്തെ ബന്ധുവിന്റെ വീട്ടിൽ സന്ദർശനം നടത്തി തിരികെ വരുമ്പോഴായിരുന്നു ഇത്. തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് അതിവേഗത്തിൽ പോകുകയായിരുന്ന ‘ഗുരുദേവൻ’ എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിജിമോളും മകനും റോഡിലേക്ക് തെറിച്ചുവീണു. കാൽമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന ഇരുവരെയും, മഞ്ഞള്ളൂർ പഞ്ചായത്ത് അംഗം റോബി തടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജിമോൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മകൻ അനുരൂപിനും ശക്തമായ പരിക്കുകളുണ്ട്. കല്ലൂർക്കാട് സരസ്വതി സ്‌കൂളിൽ പ്രധാനാദ്ധ്യാപികയായി വിജിമോൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ, അൽ അസർ പബ്ലിക് സ്‌കൂൾ, പുറപ്പുഴ എസ്.എച്ച് പബ്ലിക് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലും അദ്ധ്യാപികയായിരുന്നു. പാലാ അളനാട് മാളിയേക്കൽ കുടുംബാംഗമാണ്. വാഴക്കുളം പൊലീസ് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. മൃതദേഹം നാളെ വൈകിട്ട് നാലിന് വവസതിയുടെ അങ്കണത്തിൽ സംസ്കരിക്കും.

കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമാകും

മരണശേഷവും വിജിമോളുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ച നൽകും. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ ചില വൈദ്യശാസ്ത്രപരമായ തടസ്സങ്ങൾ കാരണം മറ്റ് അവയവങ്ങൾ ദാനം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് നേത്രപടലങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലുള്ള ഐ ബാങ്ക് അധികൃതർക്ക് കൈമാറി. കെ-സോട്ടോയാണ് (K-SOTO) ഇതിനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്.

                        English Summary

                            Former teacher M.N. Vijimol (57), who was undergoing treatment after sustaining injuries when an uncontrolled speeding bus collided with her motorcycle, has died. Vijimol, a retired teacher of Nagappuzha St. Mary’s Public School, was the wife of R. Vinayachandran (Babu Surya), a former photographer with Kerala Kaumudi.                            

Source link

Related Articles

Back to top button