സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി തരംതാഴ്ത്തി താരതമ്യം: സ്റ്റാറ്റസിന് ചേരില്ലെന്ന് പറഞ്ഞ് ക്രൂരമായ അധിക്ഷേപം

ഭർത്താവ് നന്ദുവിന്റെ പെരുമാറ്റം ഒരു സൈക്കോയെപ്പോലെയായിരുന്നുവെന്ന് സ്ത്രീധന പീഡനത്തിനും ക്രൂരമായ ശാരീരിക മർദനത്തിനും ഇരയായ കൊല്ലം പുത്തൻതുറ സ്വദേശി അഞ്ജു.
നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹത്തിന്റെ തുടക്കം മുതൽ സ്ത്രീധനത്തിന്റെ പേരൂ പറഞ്ഞു ഭർത്താവും വീട്ടുകാരും തന്നെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നതായി അഞ്ജു പറയുന്നു. പിന്നീട് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നന്ദു അഞ്ജുവിനെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചാണ് ക്രൂരമായ ശാരീരിക പീഡനങ്ങൾ ആരംഭിക്കുന്നത്. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്. തന്നെ കൊന്നുകളയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഉപദ്രവമെന്നും, നാട്ടിലെത്തിയാൽ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അഞ്ജു മാനോരമ ഓൺലൈനോട് വെളിപ്പെടുത്തി.
“മുൻ കാമുകിയുമായി അയാൾ നിരന്തരം എന്നെ താരതമ്യം ചെയ്യുമായിരുന്നു. ഒരിക്കൽ അവരുടെ ശരീരവടിവും എന്റെ ശരീരവും തമ്മിൽ പോലും അയാൾ താരതമ്യം ചെയ്തു. കാമുകിയുടെ അത്രയും ഭംഗി എനിക്കില്ലെന്നും എന്റെ സ്റ്റാറ്റസിന് ചേർന്നതല്ലെന്നും അയാൾ കുറ്റപ്പെടുത്തി. എന്തിനാണ് എന്നെ വിവാഹം കഴിച്ചതെന്ന് തിരിച്ചു ചോദിച്ചപ്പോൾ, അതൊരു തെറ്റായിപ്പോയി എന്നായിരുന്നു അയാളുടെ മറുപടി. ഒരിക്കൽ ഞാൻ സ്വന്തം വീട്ടിലേക്ക് പോന്നതാണ്. എന്നാൽ പിന്നീട് സ്നേഹം നടിച്ചു വിളിച്ചുവരുത്തുകയായിരുന്നു. എന്റെ സർട്ടിഫിക്കറ്റുകൾ ഒന്നും അന്ന് കയ്യിൽ കിട്ടിയിരുന്നില്ലാത്തതിനാൽ ജോലിക്കും പോകാൻ കഴിഞ്ഞിരുന്നില്ല. സർട്ടിഫിക്കറ്റുകൾ ഒക്കെ കിട്ടുന്നതുവരെ ഒന്നിച്ച് ജീവിക്കാം എന്ന് വിശ്വസിപ്പിച്ചാണ് സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്,” അഞ്ജു പറഞ്ഞു.
സൗദിയിൽ എത്തിയതു മുതൽ ക്രൂരമായ മർദനങ്ങളാണ് നേരിടേണ്ടി വന്നത്. ഫ്ലാറ്റിൽ അയാളും താനും മാത്രമായിരുന്നു താമസം. കുക്കർ, ഇടികല്ല്, ചൂല്, മോപ്പ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങി കയ്യിൽ കിട്ടിയതൊക്കെയെടുത്ത് അയാൾ തന്നെ ക്രൂരമായി തല്ലിചതച്ചു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, കുത്തിക്കൊല്ലുമെന്നായിരുന്നു നിരന്തരമായ ഭീഷണി.
“ഇതിനുപുറമേ, എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ നിർബന്ധിച്ച് പറയിപ്പിച്ച് ഓഡിയോ റെക്കോഡ് ചെയ്ത് എന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. വിവാഹത്തിനു മുമ്പും ശേഷവും തനിക്ക് മറ്റു പലരുമായി ലൈംഗികബന്ധമുണ്ടായിട്ടുണ്ടെന്നും, ആ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് എന്നെക്കൊണ്ട് പറയിപ്പിച്ചത്. മാത്രമല്ല, ഭർത്താവിനെ ഡിവോഴ്സ് ചെയ്ത ശേഷം ഒരു സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് പോലും എന്നെക്കൊണ്ട് പറയിപ്പിച്ച് റെക്കോഡ് ചെയ്തു. ഇതിനുശേഷമാണ് എന്നെ നാട്ടിലേക്ക് കയറ്റിവിട്ടത്. ഒരു സൈക്കോപാത്തിനെപ്പോലെയായിരുന്നു അയാൾ പെരുമാറിയിരുന്നത്. ഈ ഉപദ്രവങ്ങളെല്ലാം അയാളുടെ വീട്ടുകാർക്കും പൂർണ്ണമായി അറിയാമായിരുന്നു,” അഞ്ജു വ്യക്തമാക്കി.
Source link




