KAUMUDI

തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ കുടുംബത്തിന് മൂട്ടക്കടി; മുപ്പനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഹോട്ടലിൽ വെച്ച് മുറിയിൽ കിടന്ന് മൂട്ടയുടെ കടിയേറ്റവർക്ക് അനുകൂലമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. കാസർകോട് ജില്ലയിൽ നിന്നും എത്തിയ കുടുംബത്തിനാണ് ഈ തുക നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഹോട്ടൽ നടത്തിപ്പുകാർ ആകെ 30,000 രൂപ നൽകണമെന്നാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ചെറുവത്തൂർ സ്വദേശിയായ വാസുദേവ കോണൂരായ സമർപ്പിച്ച പരാതിയിലാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരമായി 15,000 രൂപയും, വൈദ്യസഹായത്തിനായുള്ള ചെലവിലേക്ക് 10,000 രൂപയും, കോടതിച്ചെലവിനത്തിൽ 5,000 രൂപയും അടക്കം നൽകാനാണ് കമ്മീഷന്റെ ഉത്തരവിലുള്ളത്.

കഴിഞ്ഞ വർഷം അതായത് 2024 ഓഗസ്റ്റ് 26-ാം തീയതിയാണ് വാസുദേവയും കുടുംബവും പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുന്നതിനും ഒപ്പം ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ സംബന്ധിക്കുന്നതിനുമായി തിരുവനന്തപുരത്ത് എത്തിയത്. ഇതിന്റെ ഭാഗമായി അവർ നഗരത്തിലെ ‘രൂപ്മഹൽ’ ഹോട്ടലിൽ മുറി വാടകയ്ക്കെടുക്കുകയുണ്ടായി. 3500 രൂപ നൽകിയാണ് അവർ ഡബിൾ റൂം എടുത്തത്. കടുത്ത യാത്രാക്ലേശം ഉണ്ടായിരുന്നിട്ടും തങ്ങൾക്കും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും രാത്രിയിൽ അല്പം പോലും ഉറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിടക്കയിൽ മൂട്ടകൾ ഉള്ളതായി വ്യക്തമായത് എന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

ചെറിയ കുട്ടികൾക്ക് ഉൾപ്പെടെ ദേഹമാസകലം മൂട്ട കടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നതായും, ഈ വിവരം അപ്പോൾ തന്നെ ഹോട്ടലിലെ ജീവനക്കാരെ അറിയിച്ചിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ ഈ കുടുംബം ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സയും തേടിയിരുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വാസുദേവ കമ്മീഷനെ സമീപിച്ച് പരാതി നൽകിയത്. തങ്ങളുടെ സ്ഥാപനത്തിനെതിരെ മുൻപ് ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നായിരുന്നു ഹോട്ടൽ മാനേജ്‌മെന്റിന്റെ വാദമെങ്കിലും കമ്മീഷൻ ഇത് തള്ളിക്കളയുകയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഈ വിധി വന്ന് ഒരു മാസത്തിനകം തന്നെ നിശ്ചയിച്ച തുക പരാതിക്കാരനായ കുടുംബത്തിന് കൈമാറണമെന്നാണ് നിർദ്ദേശമുള്ളത്.

English Summary
A family from Kasaragod has been awarded ₹30,000 compensation after suffering bedbug bites in a hotel room. The Kasaragod Consumer Disputes Redressal Commission ordered the hotel to pay ₹15,000 for compensation, ₹10,000 for medical expenses, and ₹5,000 as legal costs following a complaint by Vasudeva Konoor of Cheruvathur.
RELATED TOPICS: 30000 HOTEL COMPENSATION, BED BUG COMPLAINT, HOTEL COMPENSATION ORDER, FAMIL BITTEN BY BED BUGS, THIRUVANANTHAPURAM


Source link

Related Articles

Back to top button