MANORAMA

വനിതാ നേതാവിന്റെ പരാതിയിൽ ഇ.എൻ.സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

പാലക്കാട്∙ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ.സുരേഷ് ബാബുവിനെ ഒഴിവാക്കി. വി.ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. ചേർന്ന വിശാല ജില്ലാക്കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. അഭിഭാഷക സംഘടനയിലെ ഒരു വനിതാ അഭിഭാഷക നൽകിയ പരാടിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ഇതോടൊപ്പം എട്ടുപേരെ പുതിയതായി ജില്ലാക്കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളായും തീരുമാനിച്ചു. എന്നാൽ സുരേഷ് ബാബുവിന്റെ പക്വതയില്ലാത്ത സമീപനവും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും പാർട്ടിയ്ക്ക് വലിയ രീതിയിൽ ദോഷം ചെയ്തുവെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു.

പാർട്ടിയിലെ വിഭാഗീയതയും വിമതപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, ഇതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമെന്നും യോഗത്തിൽ വിമർശനമുയർന്നു. വിമതപ്രശ്നങ്ങളെ ജില്ലാ നേതൃത്വം താൻപോരിമയോടെ സമീപിച്ചതാണ് കടുത്ത തിരിച്ചടിയായത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം അവ ആളിക്കത്തിക്കുകയാണ് നേതൃത്വം ചെയ്തതെന്നും ആക്ഷേപമുയർന്നു.

പ്രശ്നപരിഹാരത്തിനായി നേതൃത്വം സ്വീകരിച്ച നടപടികളിലെ പാളിച്ചകൾ വിവിധ ഏരിയ കമ്മിറ്റികൾ നടത്തിയ ഗ്രൂപ്പ് ചർച്ചകളിലും ശക്തമായി പ്രതിഫലിച്ചു. 2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിൽ മൊത്തം 67,000 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.

ചിറ്റൂരിലെ പരാജയത്തിന് മുഖ്യ കാരണം കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ്. കൂടാതെ നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ടുകൾ കുറഞ്ഞതും പാർട്ടിക്ക് കനത്ത തിരിച്ചടിയായി. കോങ്ങാട്ടെ സംഘടനാപരമായ പ്രശ്നങ്ങളാണ് അവിടെ തോൽവിക്ക് കാരണമായത്.

ബിജെപി വോട്ടുകൾ കോൺഗ്രസിനു മറിഞ്ഞാൽ പോലും അതുറപ്പായും മറികടക്കാവുന്ന സംഘടനാബലവും വോട്ടുബലവും സിപിഎമ്മിന് കോങ്ങാട്ട് ഉണ്ടായിരുന്നിട്ടും പരാജയപ്പെടേണ്ടി വന്നു. തൃത്താലയിലെ തോൽവിക്കാകട്ടെ പ്രാദേശിക വിഭാഗീയതയാണ് കാരണം. ഈ പ്രശ്നങ്ങളെയെല്ലാം പ്രതിരോധിക്കാൻ ജില്ലാ നേതൃത്വവും സെക്രട്ടറിയും എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു വന്നു.


Source link

Related Articles

Back to top button