KAUMUDI

കുളത്തിൽ ചാടി ബ്ലോക്ക് പ്രസിഡന്റും മെമ്പറും; ഉദ്ഘാടനം തരംഗമാക്കി എം.എൽ.എ

പെരിന്തൽമണ്ണ: കുളം നാടിനായി സമർപ്പിക്കുമ്പോൾ ഇനിമുതൽ ജനപ്രതിനിധികൾ നീന്തൽക്കൂടി പരിശീലിക്കേണ്ടി വരുമോ? അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളം നവീകരണത്തിനുശേഷം നാടിന് തുറന്നുകൊടുത്ത ചടങ്ങ് കണ്ടാൽ ആർക്കും ഈ സംശയം തോന്നും.

എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ ഉദ്ഘാടനം കുറച്ചുകൂടി സാഹസികമായിരുന്നു; വാർഡ് മെമ്പറെ നേരിട്ട് വെള്ളത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്! നാട മുറിച്ച് ചടങ്ങ് ഔദ്യോഗികമായി നിർവഹിച്ച ഉടനെയായിരുന്നു ഈ കൗതുകകരമായ സംഭവം. എന്നാൽ വെള്ളത്തിൽ വീണയുടൻ നീന്തിക്കയറിയ മെമ്പർ ഷബീർ മാഞ്ഞാമ്പ്രയും വെറുതെ നിന്നില്ല. കരയിൽ സുരക്ഷിതയായി നിന്നിരുന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ നജ്മ തബ്ഷീറയെ അദ്ദേഹം തിരിച്ച് കുളത്തിലേക്ക് തള്ളിയിട്ടുകൊണ്ട് പകരംവീട്ടി.

എല്ലാവരും ഈ തമാശയെ നല്ല മനസ്സോടെ സ്വീകരിച്ചതോടെ കുളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സമൂഹമാധ്യമങ്ങളിൽ അതിവേഗം തരംഗമായി മാറി. ജനങ്ങളുടെ പ്രതിനിധികളുടെ ഈ കുസൃതിയും കളിചിരികളും നാട്ടുകാർക്കും ഏറെ ആഹ്ളാദമുണ്ടാക്കി. നാട്ടുകാരുമായും ജനപ്രതിനിധികളുമായും എന്നും കുടുംബാംഗങ്ങളെപ്പോലെയുള്ള അടുപ്പമാണുള്ളതെന്നും അതിന്റെ സ്നേഹം പങ്കുവെക്കലാണ് ഈ വ്യത്യസ്തമായ നിമിഷത്തിലൂടെ ഉണ്ടായതെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ കുളം പുതുക്കിപ്പണിതത്.


Source link

Related Articles

Back to top button