അവധി യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു

CORONA,FLIGHT,FINANCE
കൊച്ചി: ഉത്സവ സീസണും വർഷാവസാന അവധിക്കാലവും എത്തിനിൽക്കെ, വിമാന യാത്രാക്കൂലി കുത്തനെ കൂടിയത് സാധാരണക്കാരായ യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലക്കയറ്റവും ഇന്ത്യൻ രൂപയുടെ മൂല്യമിടിവും മുൻനിർത്തി വിമാനക്കമ്പനികൾ യാത്രാ നിരക്കുകൾ വെട്ടിച്ചുയർത്തിയത് അവധിക്കാലം ആഘോഷമാക്കാൻ പദ്ധതിയിട്ടവരെയാണ് വെട്ടിലാക്കിയിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് പ്രധാന റൂട്ടുകളിലെല്ലാം ടിക്കറ്റ് നിരക്കിൽ 68 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, യാത്രക്കാരുടെ തിരക്ക് വർദ്ധിച്ച സമയത്തുതന്നെ ചില പ്രധാന റൂട്ടുകളിൽ സർവീസുകൾ വെട്ടിച്ചുരുക്കിയതും കനത്ത തിരിച്ചടിയായിട്ടുണ്ട്.
സെപ്തംബർ 1 മുതൽ നവംബർ 10 വരെയുള്ള തീയതികളിലെ ഒറ്റയാത്ര ടിക്കറ്റുകളുടെ ശരാശരി നിരക്കിൽ, ഡൽഹി-കൊച്ചി സെക്ടറിൽ മാത്രം 50 ശതമാനത്തിലേറെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രമുഖ യാത്രാ പോർട്ടലുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ കാലയളവിൽ ടിക്കറ്റ് നിരക്ക് 28,000 രൂപ വരെ ഉയർന്നുകഴിഞ്ഞു. യാത്ര ചെയ്യേണ്ട തീയതിയോട് അടുക്കുമ്പോൾ നിരക്കുകൾ വീണ്ടും 20 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് ഏജൻസികളും ട്രാവൽ ഓപ്പറേറ്റർമാരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
സർവീസുകളുടെ എണ്ണത്തിൽ കുറവ്
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, സീറ്റുകളുടെ ലഭ്യതയിൽ 1.2 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വലിയ വിമാനങ്ങൾ സർവീസിനായി ഉപയോഗപ്പെടുത്തി സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് ലഭ്യമാകുന്ന ചോയ്സുകൾ വളരെ പരിമിതമാണ്. കേരളത്തിൽ നിന്നും ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾക്കായി ടിക്കറ്റ് ബുക്കിംഗും അന്വേഷണങ്ങളും വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് യാത്രാ പ്ലാറ്റ്‌ഫോമുകൾ ചൂണ്ടിക്കാണിക്കുന്നു.
ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ
വിമാന ഇന്ധനമായ എ.ടി.എഫിന്റെ വില വർദ്ധിച്ച സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ കഴിഞ്ഞ ഒക്ടോബർ ആറാം തീയതി മുതൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഇന്ധന സർചാർജ് വർദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രകളിൽ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ 375 രൂപ മുതൽ 1,300 രൂപ വരെയാണ് അധികമായി നൽകേണ്ടത്. 500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 375 രൂപയും, 500 മുതൽ 1,000 കിലോമീറ്റർ വരെ 600 രൂപയും, 1,000 മുതൽ 1,500 കിലോമീറ്റർ വരെ 900 രൂപയുമാണ് സർചാർജ്. കൂടാതെ, 2,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 1,150 രൂപയും അതിൽ കൂടുതലുള്ള ദൂരത്തിന് 1,300 രൂപയും ഈടാക്കും.
കഴിഞ്ഞ ഒക്ടോബർ ഒന്നിന് ലിറ്ററിന് 121 രൂപയുണ്ടായിരുന്ന എ.ടി.എഫ് വില 137 രൂപയായാണ് ഉയർത്തിയത്.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ ഇന്ധന വിലയുടെ പങ്ക്
30 മുതൽ 40 ശതമാനം വരെ
Source link



