KAUMUDI

ഗുരുവിനെ അപമാനിച്ചാൽ വെറുതെ വിടില്ല: താക്കീതുമായി തുഷാർ വെള്ളാപ്പള്ളി

മൂവാറ്റുപുഴ: ശ്രീനാരായണഗുരുദേവനെ അവഹേളിച്ചുകൊണ്ട് ആരും അവിവേകവുമായി മുന്നോട്ടു പോകാൻ നോക്കേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കെ.വി. സുഭാഷ് ഗുരുവിനെ നിന്ദിച്ച നടപടിക്കെതിരെ എറണാകുളം, ഇടുക്കി ജില്ലകളിലെ യൂണിയൻ പ്രവർത്തകർ കലൂർ പേരമംഗലത്തേക്ക് സംഘടിപ്പിച്ച ശക്തമായ പ്രക്ഷോഭ മാർച്ചും റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിശ്വാസികളുടെയും ഭാഗത്തുനിന്നുള്ള സമാധാനപരമായ ഒരു മുന്നറിയിപ്പ് മാത്രമാണിത്. ആവശ്യമായി വന്നാൽ സമാധാനപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെയും പ്രതികരിക്കാൻ ഗുരുഭക്തർക്ക് അറിയാം. കേരളത്തിൽ കോടിക്കണക്കിന് ആളുകൾ ഗുരുവിനെ ഈശ്വരനായി കാണുന്നുണ്ട്. ഗുരുദേവനെ അധിക്ഷേപിച്ച് ജനങ്ങളെ വെല്ലുവിളിച്ച് പിടിച്ചുനിൽക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. വ്യാജ തന്ത്രിയും ആത്മീയ രംഗത്തെ തട്ടിപ്പുകാരനുമായ സുഭാഷ് എസ്.എൻ.ഡി.പി പ്രവർത്തകരുടെ മുന്നിൽ തികച്ചും നിസ്സാരനാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഗുരുദേവനെ അപമാനിക്കുന്ന ഇയാൾ, പേരമംഗലത്ത് ക്ഷേത്രമെന്ന വ്യാജേന നടത്തിവരുന്ന അവിശുദ്ധ ആത്മീയ കേന്ദ്രം ഉടൻ പൂട്ടിക്കണം. സമൂഹം എപ്പോഴേ ഉപേക്ഷിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പണസമ്പാദനത്തിനായി വീണ്ടും കൊണ്ടുവരാനാണ് സുഭാഷിനെ പോലുള്ളവർ ശ്രമിക്കുന്നത്. ആത്മാർത്ഥമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ സാധുക്കളായ ജനങ്ങളെ കബളിപ്പിച്ച് ഭീതി പരത്തി പണം തട്ടിയെടുത്ത് മന്ത്രവാദങ്ങളും ആഭിചാരക്രിയകളും നടത്തുകയാണ് ഇവരുടെ സംഘം. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുക എന്നത് ഓരോ ഗുരുഭക്തന്റെയും ഉത്തരവാദിത്തമാണ്. ഗുരു പകർന്നുനൽകിയ നവോത്ഥാന ചിന്തകളെയും മൂല്യങ്ങളെയും തകർക്കാൻ ആരെയും അനുവദിക്കില്ല. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

പ്രതിഷേധ മാർച്ച് പേരമംഗലം ജംഗ്ഷനിലും കാവക്കാട് കനാൽബണ്ട് ജംഗ്ഷനിലും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു.

യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതമാശംസിച്ചു. യൂണിയൻ നേതാക്കളായ എം.ബി. ശ്രീകുമാർ, സുരേഷ് പരമേശ്വരൻ, പി.എ. സോമൻ, ബിജു മാധവൻ, യോഗം കൗൺസിലർ ബാബു കടുത്തുരുത്തി, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയംഗം സജേഷ് മണലേൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


Source link

Related Articles

Back to top button