MANORAMA

പ്രവാസികൾക്ക് തിരിച്ചടിയായി നോർക്ക കെയർ നിരക്കുവർധന: പ്രതിഷേധം ശക്തം

അബുദാബി/ദുബായ് ∙ സ്വകാര്യ ഇൻഷുറൻസ് പദ്ധതികളെ ഉപേക്ഷിച്ച്, പ്രീമിയം തുകയിൽ വലിയ വർധനവുണ്ടാകില്ലെന്ന വിശ്വാസത്തോടെ നോർക്ക കെയറിൽ അംഗങ്ങളായ പ്രവാസികൾക്ക് കനത്ത തിരിച്ചടി. കുടുംബങ്ങൾക്കായുള്ള പോളിസിയുടെ വാർഷിക പ്രീമിയം തുകയിൽ വരുത്തിയ വൻ വർധനവിനെതിരെ പ്രവാസി സംഘടനകൾ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. മുൻപ് 13,411 രൂപയായിരുന്ന പ്രീമിയം, ഇപ്പോൾ പ്രായത്തിന്റെ അടിസ്ഥാനത്തിൽ 35,664 രൂപ മുതൽ 77,773 രൂപ വരെയായാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന മുതിർന്ന പ്രവാസികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഈ നിരക്കുവർധന സാരമായി ബാധിക്കുമെന്നതിൽ ആശങ്ക ശക്തമാണ്. താങ്ങാനാകാത്ത തുക കാരണം പലരും തങ്ങളുടെ പോളിസികൾ പുതുക്കാതെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ഈ നടപടി അങ്ങേയറ്റം അനീതിയാണെന്നും പ്രീമിയം വർധന സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഇൻകാസ് യുഎഇ കമ്മിറ്റി സീനിയർ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടൽ ഉണ്ടായേ തീരൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിരക്കുകൾ പഴയ നിലയിലേക്ക് കൊണ്ടുവരണമെന്ന് ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ അബുദാബി പ്രസിഡന്റ് ബിജി തോമസ്, മുൻ ലോക കേരള സഭാംഗം റോയ് ഐ. വർഗീസ് എന്നിവരും ശക്തമായി ആവശ്യപ്പെട്ടു.

പ്രവാസികളുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി, അവർക്ക് താങ്ങാവുന്ന നിലയിലേക്ക് പ്രീമിയം തുക കുറയ്ക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് എ.എം. അൻസാർ അഭ്യർഥിച്ചു. മുതിർന്നവരുടെ ചികിത്സാ ചെലവിലുണ്ടായ വർധനയാണ് പ്രീമിയം കൂട്ടാൻ കാരണമായി പറയുന്നതെങ്കിലും, യുവാക്കളുടെ പ്രീമിയം നിരക്ക് മൂന്നിരട്ടിയായി ഉയർത്തിയത് ഒട്ടും ന്യായീകരിക്കാനാവാത്ത നടപടിയാണെന്ന് ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി യഹ്യ തളങ്കര കുറ്റപ്പെടുത്തി.

Source link

Related Articles

Back to top button