ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജിയുടെ മൊഴിയെടുപ്പ് തുടരുന്നു

കൊച്ചി: ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17 വയസ്സുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. എറണാകുളം പോലീസ് ക്ലബ്ബിൽ ഉച്ചയ്ക്ക് 2.40-ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ നടപടികൾ തുടരുകയാണ്. കേസിൽ ജഡ്ജിയെയും അന്വേഷണസംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ജഡ്ജിയുടെ മൊഴിയെടുക്കാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഇതിനായി പ്രത്യേക കോടതി ഉത്തരവുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം തിരിച്ചു ചോദിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ ബെൻസ് കാർ എടുത്തതെന്നും, അവന് വാഹനം ഓടിക്കാൻ അറിയാമെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് ജഡ്ജി നൽകിയ മൊഴി.
കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ വസതിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി തുടങ്ങി ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ട ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ഒരു ആഡംബര ബൈക്കും നിർണായകമായ ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. പതിനേഴുകാരൻ മുൻപും കാർ ഓടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടുകടയുടമ ജയബാലകൃഷ്ണന്റെ ആക്ടീവ സ്കൂട്ടറിൽ 17 വയസ്സുകാരൻ ഓടിച്ച ബെൻസ് കാർ അതിവേഗത്തിലെത്തി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
Source link




