സ്വർണവില പുതിയ ഉയരങ്ങളിലേക്ക്; പ്രവചനം തിരുത്തി യുഎസ് ബാങ്ക് ഭീമൻ, പവന് ഒന്നേകാൽ ലക്ഷം എത്തിയേക്കും

കേരളത്തിൽ കഴിഞ്ഞ ജനുവരി 29നാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. എന്നാൽ, പിന്നീട് രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണവില താഴുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ സ്വർണവില നിലനിൽക്കുന്നത് 4,140 ഡോളറിലുമാണ്.
കൂടിയില്ല; സ്വർണവില കുറഞ്ഞു
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 110-120 ഡോളർ വരെ ഉയർന്നതും, പിന്നാലെ ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമായതുമാണ് സ്വർണവില റെക്കോർഡ് ഉയരങ്ങളിൽ നിന്നും ഇടിയാൻ പ്രധാന കാരണം. പല രാജ്യങ്ങളിലും പണപ്പെരുപ്പം നിയന്ത്രണരേഖയും കടന്നതോടെ, അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യത വർധിച്ചു. ഇത് യുഎസ് ഡോളറിനെയും സർക്കാർ കടപ്പത്രങ്ങളുടെ യീൽഡിനെയും (ബോണ്ട് യീൽഡ്) ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് എത്തിച്ചത്.
ഇതോടെ ആഭരണമായും നിക്ഷേപമായും ഉള്ള സ്വർണത്തിന്റെ തിളക്കം മങ്ങുകയും വില താഴുകയും ചെയ്യുകയായിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുന്ന നടപടികളിൽ നിന്നും പെട്ടെന്നൊന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഗോൾഡ്മാൻ സാക്സ് സ്വർണവിലയുടെ ലക്ഷ്യങ്ങൾ വെട്ടിക്കുറച്ചത്.
എങ്കിലും, നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വരുന്ന ഡിസംബറോടെ സ്വർണവിലയിൽ വർധനവുണ്ടാകുമെന്നു തന്നെയാണ് ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. പക്ഷെ, ആ മുന്നേറ്റത്തിന് രാജ്യാന്തര വിപണിയിലോ കേരളത്തിലോ പഴയ റെക്കോർഡുകൾ തകർക്കാൻ സാധിച്ചേക്കില്ല. രാജ്യാന്തര വില 4,900 ഡോളറിലേക്ക് എത്തുകയാണെങ്കിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1.25 ലക്ഷം രൂപ വരെയാകാൻ സാധ്യതയുണ്ട്. കൂടാതെ, യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്കും ഭാവിയിൽ സ്വർണവില നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
യുദ്ധത്തിലും ഉയരാതെ സ്വർണവില
പൊതുവെ യുദ്ധസമാനമായ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണവില കുത്തനെ ഉയരുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്രം, കറൻസി വിപണികൾ തകരുന്നതിനാൽ സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ വാരിക്കൂട്ടുകയും വില കുതിച്ചുയരുകയും ചെയ്യും. എന്നാൽ, ഇറാനും അമേരിക്കയും തമ്മിലുണ്ടായ സമീപകാല സംഘർഷങ്ങളിൽ സ്വർണം ഈ പരമ്പരാഗത ശൈലി തെറ്റിച്ചു. ക്രൂഡോയിൽ വിലക്കയറ്റവും, അതിനെത്തുടർന്നുണ്ടായ ഡോളറിന്റെയും ബോണ്ടുകളുടെയും കുതിപ്പും, പണപ്പെരുപ്പവും പലിശനിരക്കും വർധിക്കുമെന്ന ആശങ്കകളുമാണ് ഇതിന് കാരണമായത്.
സ്വർണം വാരിക്കൂട്ടുന്ന ചൈന
സ്വർണവില വലിയൊരു തകർച്ചയെ നേരിടാതെ പിടിച്ചുനിൽക്കുന്നതിന്റെ പ്രധാന കാരണം ചൈനീസ് വിപണിയിൽ നിന്നുള്ള ശക്തമായ ഡിമാൻഡാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം 20.2 ടൺ സ്വർണമാണ് തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത്. 2023 ഒക്ടോബറിനു ശേഷം പീപ്പിൾസ് ബാങ്ക് ഇത്രയധികം സ്വർണം ഒന്നിച്ച് വാങ്ങുന്നത് ഇതാദ്യമാണ്. തുടർച്ചയായ 22-ാം മാസമാണ് ചൈനീസ് ബാങ്ക് ഇത്തരത്തിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
Source link




